കൊച്ചി: സംസ്ഥാനസര്‍ക്കാരിന്റെ വിഷന്‍ 2031 പദ്ധതിയുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഇലക്ട്രോണിക്സ്, സെമികണ്ടക്ടര്‍, നൂതന സാങ്കേതികവിദ്യാ മേഖലകളിലെ വിഷന്‍ ഡോക്യുമെന്റിന്റെ കരട് പുറത്തിറക്കി.
2031 ഓടെ സംസ്ഥാനത്തിന്റെ ഐടി മേഖലയില്‍ 5000 കോടി യുഎസ് ഡോളറിന്റെ സാമ്പത്തികവളര്‍ച്ച കൈവരിക്കാനും അഞ്ചു ലക്ഷം ഹൈ വാല്യൂ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമാണ് ലക്ഷ്യമിടുന്നത്.
20,000 കോടി സ്റ്റാര്‍ട്ടപ്പ് നിക്ഷേപം, 20,000 സ്റ്റാര്‍ട്ടപ്പുകള്‍, 30 ദശലക്ഷം ചതുരശ്ര അടി പുതിയ ഐടി ഓഫീസുകള്‍ തുടങ്ങിയ ലക്ഷ്യങ്ങളും കരട് വിഷന്‍ ഡോക്യുമെന്റ് മുന്നോട്ടുവയ്ക്കുന്നു. ഈ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുവേണ്ടി കേരള ആര്‍ട്ടിഫിഷല്‍ ഇന്റലിജൻസ് മിഷന്, കേരള സെമികോണ്‍ മിഷന്, കേരള ഫ്യൂച്ചര്‍ ടെക് മിഷന്, ദ ഫ്യൂച്ചര്‍ കോര്പറേഷന് എന്നിങ്ങനെ നാല് സ്ട്രാറ്റജിക് മിഷനുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്.
ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് മിഷന്റെ ഭാഗമായി 2030 ഓടെ നൈതികവും സുതാര്യവുമായ നിര്‍മിതബുദ്ധിയുടെ ഉപയോഗം ഉറപ്പാക്കുന്നതിനുവേണ്ടി കേരള എഐ ബില്‍ ഓഫ് റൈറ്റ്സ് നടപ്പിലാക്കുമെന്നും പ്രഖ്യാപനമുണ്ട്.
സ്ത്രീസംരംഭകത്വം പ്രോത്സാഹിപ്പിക്കുക, ഗ്രാമീണമേഖലകളിലേക്ക് ഐടി അധിഷ്ഠിത വ്യവസായങ്ങള്‍ വ്യാപിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ 50 ലീപ് സെന്ററുകള്‍, 250 ഏര്‍ലി ഇന്നോവേഷന്‍ സെന്ററുകള്‍, 14 ജില്ലകളിലും ഫ്രീഡം സ്ക്വയറുകള്‍ തുടങ്ങിയ നിര്‍ദേശങ്ങളും വിഷന്‍ ഡോക്യുമെന്റിലുണ്ട്. റീകോഡ് കേരള 2025 വികസന സെമിനാറിലെ ചര്‍ച്ചകളില്‍നിന്ന് ഉയര്‍ന്നുവന്ന നിര്‍ദേശങ്ങളും ഐടി മേഖലയിലെ വിദഗ്ധരില്‍നിന്നും പൊതുജനങ്ങളില്നിന്നുമുള്ള നിര്‍ദേശങ്ങളുമടക്കം പരിഗണിച്ചശേഷമായിരിക്കും അന്തിമ വിഷന്‍ 2031 ന് രൂപം നല്‍കുക.
ഐടി വകുപ്പിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച റീകോഡ് കേരള 2025 വികസന സെമിനാറിന്റെ ഉദ്ഘാടനവേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് കരട് വിഷന്‍ ഡോക്യുമെന്റ് പുറത്തിറക്കിയത്. മന്ത്രി പി. രാജീവ് വിഷന്‍ ഡോക്യുമെന്റ് ഏറ്റുവാങ്ങി.